കാവുങ്കര പ്രദേശത്ത് കാലാകാലങ്ങളായി നിർഗുണമായി കിടക്കുന്ന എവറസ്റ്റ് പാലത്തിന് സമീപത്തുകൂടി പുതിയൊരു പാത വരുന്നതിനെ എതിർക്കുന്നവർ നാടിന്റെ ശാപമായി മാറുകയാണോ ? എന്നാണ് നാട്ടുകാർ ചോദിക്കുന്നത് അതിലൂടെ ഒരു പാത വന്നാൽ ആർക്കാണിത്ര ചേതം? മറിച്ച് ദീർഘനാളായി ഗതാഗതകുരുക്കിൽപെട്ട് ശ്വാസം മുട്ടുന്ന പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ഉണർവ്വേകാൻ കഴിയുന്ന സേവനപാതയെ തുരങ്കം വെയ്ക്കുന്നത് അവിടെയുള്ള പൊതുസമൂഹത്തോട് ചെയ്യുന്ന ദ്രോഹമല്ലേ?? എതിർപ്പുയർത്തുന്നവർ ഏത് കക്ഷിക്കാരായാലും ശരി പ്രദേശത്തിന്റെ പൊതുശത്രു തന്നെ!!!
എല്ലാകാലത്തും ഇത്തരം റോഡ് വിരോധികൾ ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം.
1968ൽ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പിവി സെയ്തുമുഹമ്മദിന്റെ (എവറസ്റ്) ഇടപെടൽ മൂലം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടു കൂടി പൂർത്തിയായ വൺവേയിൽ നിന്നും തുടങ്ങി എവറസ്റ്റ് ജംഗ്ഷനിൽ എത്തുന്ന റോഡ് എത്രമാത്രം ഗുണകരമാവുകയായിരുന്നു. അതുപോലെ അഡ്വ. പിഎം ഇസ്മായിൽ ചെയർമാൻ ആയിരുന്ന കാലത്ത് നിലവിൽ വന്ന കീച്ചേരിപ്പടിയിൽ നിന്നും റോട്ടറി റോഡിലേക്കുള്ള ലിങ്ക് റോഡുകൊണ്ടുള്ളത് എത്രയോ ഗുണകരമായി ഭവിച്ചു. നെഹ്‌റുപാർക്കിൽ നിന്നും തുടങ്ങി കീച്ചേരിപടിയിൽ എത്തുന്ന EEC ബൈപാസ് റോഡ് വന്നതുമൂലമുണ്ടായ വികസനം പ്രത്യേകം പറയേണ്ടതുണ്ടോ? അന്നും കണ്ണുംപൂട്ടി അതിനെയൊക്കെ എതിർക്കാനും തടയുവാനും ഇതുപോലെ കുറേ യൂദാസുമാർ ഉണ്ടായിരുന്നു. ശരീരത്തിൽ അടിഞ്ഞു കൂടുന്ന ദുർമേദസ്സിനെ ആട്ടിയകറ്റുന്നതിനായി അതിരാവിലെ കൈവീശി നടക്കുവാൻ വേണ്ടി മാത്രമായിരുന്നോ ഇത്തരം ബൈ കണക്ടഡ് റോഡുകൾ ഉപയോഗപ്പെടുത്തിയിരുന്നത്???
എല്ലാ വർഷകാലങ്ങളിലും വെള്ളത്തിൽ മുങ്ങി കിടക്കുന്ന കാവുങ്കര നിവാസികൾക്ക് ഒരു സ്വിമ്മിംഗ് പൂളിന്റെ കുറവ് മാത്രമാണോ ഉണ്ടായിരുന്നത്??.
ഞങ്ങൾക്ക് നീന്തൽകുളമൊന്നും വേണ്ടേ.... അങ്ങനെ വല്ല നീരാട്ടും നടത്തണമെങ്കിൽ വിശാലമായി കിടക്കുന്ന പുഴയുണ്ട്, ഞങ്ങളതിൽ രമിച്ചു കൊള്ളാം.
പുതിയ പുതിയ റോഡുകൾ വരട്ടെ,,,, ജനങ്ങൾ കൂടുന്ന സ്റ്റേഡിയം ആകുമ്പോൾ ചുറ്റിലും റോഡുകൾ അനിവാര്യം. ഏതെങ്കിലും അടിയന്തിരഘട്ടം വരുമ്പോൾ ചുറ്റിലുമുള്ള റോഡുകളാണ് രക്ഷാമാർഗ്ഗം. ഇതെല്ലാം ഒരു പ്രാദേശിക വികസനമാണ്, ശാപമോക്ഷം കാത്തുകിടക്കുന്ന കാവുങ്കരയുടെ വികസനത്തിന് നാഴിക കല്ലായിരിക്കും ഈ പുതിയ പാത. അതിന് മുൻകൈ എടുക്കുന്ന മുനിസിപ്പൽ കൗൺസിലറും, ആരോഗ്യകാര്യ ചെയർമാനുമായ പിവിഎം അബ്ദുൽസലാം നടത്തുന്ന നല്ല ശ്രമങ്ങളെ പ്രാദേശികവാസികളും കച്ചവടക്കാരും പിന്തുണക്കുന്നത് ഇതിന്റെ അനിവാര്യത ബോധ്യമായതുകൊണ്ടാണല്ലോ..!! മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥലം വെയർ ഹൗസിങ് കോർപറേഷന്റെ ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന റോഡ് സകലർക്കും പ്രയോജനം നൽകുന്നതിനെ എതിർക്കുന്നവർ പൊട്ട കിണറ്റിലെ തവളയാണ്.... എതിർക്കുന്നവർ ഏത് കക്ഷിക്കാർ ആയാലും ശരി നാട്ടുകാർ ഒന്നടങ്കം കക്ഷിഭേദമന്യേ പുതിയ റോഡിനനുകൂലമാണ്.
Comments
0 comment