കുണ്ടന്നൂർ മുതൽ മൂന്നാർ വരെ നടക്കുന്ന ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ നിലവിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇല്ലാതാക്കുന്ന തരത്തിൽ ആണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ച് ദേശീയപാതയുടെ നവീകരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.എന്നാൽ നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത് ആ നിലയിലല്ല.ടാറിങ്ങിനോട് ചേർന്ന് ഇരു സൈഡിലും ഡ്രൈനേജ് നിർമ്മിക്കുന്നത് കൊണ്ട് റോഡിന് നിലവിലുള്ള വീതി പോലും ഇല്ലാതാവുകയാണ്. മാത്രമല്ല ഇത് റോഡിന് ഇരുവശങ്ങളിലേക്കുമുള്ള കയ്യേറ്റങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാണ്.ഈ നിലയിൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുമ്പോൾ കാൽനടയാത്രയും അത്യാവശ്യത്തിനുള്ള പാർക്കിംഗും, ബസ് ബേ സൗകര്യമുൾപ്പെടെ ഇല്ലാതാകുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംജാതമാക്കും. ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മറ്റു വകുപ്പുകളുമായി ആവശ്യമായ കൂടിയാലോചന നടത്താൻ NHAI തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ഈ പ്രദേശങ്ങളിലൂടെയുള്ള ജലവിതരണ സംവിധാനമാകെ ഇപ്പോൾ താറുമാറായിരിക്കുകയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈ സമയത്ത് തികച്ചും നിരുത്തരവാദമായ സമീപനമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. റോഡിൽ കൂടുതലായുള്ള സൗകര്യങ്ങളൊന്നും ഉറപ്പുവരുത്താതെ ടോൾ പിരിവ് മാത്രമുള്ള വികസന പ്രഹസനമായി NH നവീകരണം മാറിയിരിക്കുകയാണ്.നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതുവരെ ജനപ്രതിനിധികളുമായി കൂടിയാലോചിക്കാൻ ദേശീയപാത അധികൃതരോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. ഇത് തികച്ചും പ്രതിഷേധാർഹം ആണെന്ന് ആന്റണി ജോൺ എംഎൽഎയും, മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിയും, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കോതമംഗലം: അശാസ്ത്രീയമായ ദേശീയപാത നവീകരണത്തിനെതിരെ ജനപ്രതിനിധികൾ. ആന്റണി ജോൺ എം എൽ എ,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്
Comments
0 comment