കോലഞ്ചേരിയിൽ നിന്നും കാണാതായ പതിനഞ്ച് കാരിയെ വിജയവാഡയിൽ നിന്ന്കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാർ (21) നെ പുത്തൻകുരിശ് പൊലീസ് പിടികൂടി. നാലാം തീയതിയാണ് അസാം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിജയവാഡയിൽ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രലോഭിപ്പിച്ച് യുവാവ് വിജയവാഡയിലെത്തിക്കുകയായിരുന്നു. പുലർച്ചെ എറണാകുളത്തേക്ക് ബസിൽ പോവുകയും അവിടെ നിന്ന് പെൺകുട്ടി തനിച്ച് ട്രയിനിൽ യാത്ര ചെയ്ത് വിജയവാഡയിൽ എത്തിച്ചേരുകയുമായിരുന്നു. യാത്രയിൽ പെൺകുട്ടി സഹയാത്രക്കാരുടെ മൊബൈലിലാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നത്. യുവാവിൻ്റെ നിർദ്ദേശപ്രകാരം ഫോൺ വീട്ടിൽവച്ചാണ് പെൺകുട്ടി പോയത്. പൊലീസ് കണ്ടു പിടിക്കാതിരിക്കാനായിരുന്നു ഇത്. അവിടെയെത്തിയപ്പോൾ യുവാവിൻ്റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. സബ് ഇൻസ്പെക്ടർ ജി. ശശീധരൻ്റെ നേതൃത്വത്തിലുള്ള പോലീസ് ടീം അപകടം നിറഞ്ഞ പ്രദേശത്ത് സാഹസികമായി നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ മോചിപ്പിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. റോഡ് മാർഗമാണ് പൊലീസ് വിജയവാഡയിലെത്തിയത്. വാടക വീട്ടിൽ വച്ച് യുവാവ് പെൺകുട്ടിയെ നിരവധി തവണ ലൈംഗീകമായി ഉപദ്രവിച്ചിരുന്നു. പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ , ഇൻസ്പെക്ടർ കെ.പി ജയപ്രകാശ്, സബ് ഇൻസ്പെക്ടർമാരായ ജി. ശശീധരൻ, പീറ്റർപോൾ എ.എസ്.ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ സീനിയർ സി പി ഒ മാരായ പി. ആർ അഖിൽ, കെ. ആർ രാമചന്ദ്രൻ ,എ.എ അജ്മൽ, ബിജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോലഞ്ചേരി:
Comments
0 comment