രണ്ട് മാസമായി ഓണറേറിയവും, മൂന്ന് മാസമായി ഇന്‍സെന്റീവും ലഭിക്കുന്നില്ലെന്നും, ആത്മഹത്യയുടെ വക്കിലാണെന്നും പറഞ്ഞാണ് ആശാ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളേന്തി, ബക്കറ്റുമായി രംഗത്തെത്തിയത്.
എല്ലാ മാസവും 10-ാം തീയതിക്കുള്ളില്‍ ഓണറേറിയം ലഭ്യമാക്കണമന്ന നിയമം നടപ്പിലാക്കണമെന്നും, ജോലി ചെയ്തതിന് ശമ്പളം തരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ക്രിസ്മസിന് പോലും സഹായം ലഭിച്ചില്ല. വഴിയാത്രക്കാരില്‍നിന്നും, വാഹന യാത്രക്കാരില്‍നിന്നും സംഭാവന തേടി കക്ഷിരാഷ്ട്രീയമില്ലാതെയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരവുമായി മുന്നോട്ടുപോകാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം. പ്രതിഷേധിച്ചാല്‍ മാത്രമാണ് പലപ്പോഴും തുച്ഛമായ തുകയാണെങ്കിലും ലഭിക്കുന്നതെന്നും മരണം വരെയും സമരം ചെയ്യാനാണ് തീരുമാനമെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.
പലപ്പോഴും കൃത്യമായി ശമ്പളം ലഭിക്കാകാത്തതു മൂലം പലരും ജോലി ഉപേക്ഷിച്ച് മറ്റു വീട്ടുജോലികൾക്ക് വരെ പോകുന്നുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു.
പോളിയോ നിർമ്മാർജ്ജനത്തിന് മരുന്നു നൽകുമ്പോൾ മുപ്പതു വർഷം മുമ്പു നൽകിയ പ്രതിഫലമായ 75 രൂപ മാത്രമാണ് പ്രതിദിനം ഇപ്പോഴും നൽകുന്നത്. കോവിഡ് കാലത്ത് യാതൊരു സുരക്ഷാ ഉപകരണങ്ങളും നൽകാതെയാണ് ആശാ വർക്കർമാരെ ജോലിക്ക് നിയോഗിച്ചിരുന്നതെന്ന് ഇവർ പരാതിപ്പെട്ടു. കോവിഡ് കാലത്തെ ഇവരുടെ പ്രവർത്തനങ്ങളെ ലോക ആരോഗ്യ സംഘടന അഭിനന്ദിച്ചതിൽ അഭിമാനമുണ്ടെങ്കിലും ജോലിക്കുള്ള കൂലിയാണ് കൃത്യമായി വേണ്ടതെന്നാണ് ഇവരുടെ രോദനം. നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും കേരളത്തിലേക്ക് ഇവർക്കുള്ള ഫണ്ട് ലഭിക്കുന്നുണ്ടെങ്കിലും സർക്കാർ അതു വകമാറ്റി ചെലവഴിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സംഘടനാനേതാക്കൾ പറയുന്നു. ഹരിയാന, ബംഗാൾ മുതലായ സംസ്ഥാനങ്ങളിൽ പെൻഷനും വിരമിക്കുമ്പോൾ മൂന്നു ലക്ഷം രൂപയും നൽകുമ്പോൾ കേരളത്തിൽ അതെല്ലാം ആശാ പ്രവർത്തകർക്ക് സ്വപ്നമായി അവശേഷിക്കുകയാണ്
Comments
0 comment