ബസ്സുകൾ കയറ്റി നിർത്താൻ പറ്റുന്നതും യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ ബസ്സിൽ കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യമുള്ള ബസ് ഷെൽട്ടറും അതിനോട് ചേർന്ന് കംഫർട്ട് സ്റ്റേഷനും , മൊബൈൽ ചാർജർ, വൈഫൈ തുടങ്ങിയ സൗകര്യങ്ങളും സൗകര്യപ്രദമായ ഇരിപ്പിടങ്ങളും സോളാർ പാനലുകളും ബാറ്ററി റൂമും ഉൾപ്പെടെയുള പദ്ധതിയുടെ 40 ലക്ഷം രൂപ ചിലവുവരുന്ന എസ്റ്റിമേറ്റ് മുൻസിപ്പൽ അസിസ്റ്റൻറ് എൻജിനീയർ തയ്യാറാക്കുകയും ആയതിന്റെ 3ഡി ആനിമേഷൻ എംപിയും ജില്ലാ കളക്ടറും മറ്റുദ്യോഗസ്ഥരും പങ്കെടുത്ത റിവ്യൂ കമ്മിറ്റി മീറ്റിംഗ് മുമ്പാകെ അവതരിപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് 17/10/2018 ൽ എറണാകുളം ജില്ലാ കളക്ടർ ഭരണാനുമതി നൽകുകയും അംഗീകരിച്ച പ്ലാനിലും എസ്റ്റിമേറ്റിനും മാറ്റം വരുത്താതെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർവച്ച് പ്രവർത്തനമാരംഭിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ ഒരുഘട്ടം പിന്നിട്ടപ്പോൾ പദ്ധതി നിർവഹണം സംബന്ധിച്ച് ആക്ഷേപമുയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തിയപ്പോൾ ഭരണാനുമതിക്കും അതിനോടൊപ്പം അംഗീകരിച്ച പ്ലാനിനും എസ്റ്റിമേറ്റിനും വിരുദ്ധമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്നും പുതുക്കിയ ഭരണാനുമതിയോ എസ്റ്റിമേറ്റോ നൽകിയിട്ടില്ലായെന്നും വ്യക്തമായി. എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പ്രകാരം അംഗീകരിച്ച എസ്റ്റിമേറ്റിൽ മാറ്റം വരുത്തി ഭരണാനുമതി പുതുക്കണമെങ്കിൽ പദ്ധതി നിർദ്ദേശിച്ച എംപിയുടെ രേഖാമൂലമുള്ള അനുമതിപത്രം ആവശ്യമാണ്. ബസ് ഷെൽട്ടർ നിർമ്മാണത്തിന്റെ എസ്റ്റിമേറ്റിൽ മാറ്റം വരുത്തുന്നതിനോ പുതുക്കിയ ഭരണാനുമതി നൽകുന്നതിനോ ഞാൻ കത്ത് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ മേൽപ്പടി പദ്ധതിയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടർക്ക് 10/3/2019 ൽ കത്തുനൽകി.
10/ 3 /2019 ൽ നൽകിയ കത്തിന്റെയടിസ്ഥാനത്തിൽ എറണാകുളം ജില്ലാ പ്ലാനിംഗ് ഓഫീസർ നടത്തിയ പരിശോധനയിൽ ബസ് ഷെൽട്ടർ നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുന്നതിനാധാരമായ എസ്റ്റിമേറ്റ് പ്ലാൻ എന്നിവയുമായി ബന്ധമില്ലാതെയാണ് പണികൾ നടത്തിയിട്ടുള്ളതെന്ന് ബോധ്യമായി. ഗുരുതരമായ വീഴ്ച നിർവഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തുകയും അതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നതിന് വിവിധ ഏജൻസികളെ ചുമതലപ്പെടുത്തി. ലഭ്യമായ രേഖകൾ പ്രകാരം വിവിധ തലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ നിർവഹണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടപടിക്രമങ്ങളുടെ ലംഘനവും കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഫയൽ നോട്ട് പ്രകാരം പദ്ധതി നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയെങ്കിലും ഉത്തരവാദികളായവരെ രക്ഷിക്കുന്നതിനും കരാറുകാരന് പണം നൽകുന്നതിനും വഴിവിട്ട ഇടപെടലുകൾ നടത്തിയതായി വ്യക്തമാണ്. ഗുരുതരമായ കൃത്യവിലോകവും ഗൂഢാലോചനയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി നടന്നതായി കാണാൻ സാധിക്കും. ഈ വിഷയം സംബന്ധിച്ച് നടത്തിയിട്ടുള്ള കത്തിടപാടുകളിൽ നിന്ന് ഇക്കാര്യം കൂടുതൽ വ്യക്തമാണ്.
നിയമാനുസരണം ഭരണാനുമതി പുതുക്കി നൽകാതെയും നിലവിൽ പണിതു വച്ചിട്ടുള്ള ബസ് ഷെൽറ്ററിനുള്ളിൽ മറ്റൊരു ഷെൽട്ടർ കൂടി നിർമ്മിക്കുന്നതിന് പണം നൽകാമെന്ന മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടും പൊതുമരാമത്ത് മാനുവലിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായും കരാറുകാരന് പണം നൽകുന്നതിന് എറണാകുളം ജില്ലാ കളക്ടർ 9-01-2023 ൽ ഉത്തരവ് പുറപ്പെടുവിച്ചതായി കാണുന്നു. ഈ ഉത്തരവ് പ്രകാരം കരാറുകാരന് 31,69,969 രൂപ നൽകിയതായും കാണുന്നു. ഇത് എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗ മാർഗ്ഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനവും അഴിമതിയും സ്വജനപക്ഷപാതവുമാണ്. മാത്രവുമല്ല നിലവിലുള്ള ബസ്സ് ഷെൽട്ടർ നിലനിർത്തിക്കൊണ്ട് അതിനുള്ളിൽ മറ്റൊരു ഷെൽട്ടർ നിർമിക്കണമെന്ന നിർദ്ദേശം പൊതുജനങ്ങളുടെ ഇടയിൽ അവമതിപ്പ് ഉണ്ടാക്കുന്നതിനും ആക്ഷേപം ഉയർത്തുന്നതിനും കാരണമാകും. ഈ നടപടിയും ദുരുദ്ദേശത്തോടെ ബോധപൂർവ്വം സ്വീകരിച്ചതായി കാണേണ്ടിവരും. നിർമ്മാണം പൂർത്തീകരിക്കാത്ത ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തീകരിച്ചതായി പദ്ധതി നിർവഹണം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയ പാർലമെൻറ് അംഗത്തിന്റെ പേര് വെച്ച് ബോർഡ് വെച്ചിട്ടുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതിനും പൊതുഖജനാവിലെ പണംഅനധികൃതമായി കൈപ്പറ്റുന്നതിനും വേണ്ടിയാണ്.
ഭരണാനുമതി നൽകിയ എസ്റ്റിമേറ്റ് പ്രകാരം സൗകര്യപ്രദമായ ഇരിപ്പിടം ഒരുക്കുന്നതിന് 5,10,000 രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ ആളുകൾക്കിരിക്കാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഇരുമ്പ് പൈപ്പുകൾ നിരത്തിവച്ച പ്രാകൃതമായ ഇരിപ്പിടസൗകര്യമാണ് നിലവിലൊരുക്കിയിട്ടുള്ളത്. എസ്റ്റിമേറ്റിൽ നിർദ്ദേശിച്ചിരുന്ന വിധത്തിലുള്ള യാതൊരുവിധ സൗകര്യങ്ങളും ബസ് ഷെൽട്ടറിൽ ഒരുക്കിയതായി കാണുന്നില്ല. കരാറുകാരന് ബില്ല് നൽകാൻ കളക്ടർ ഉത്തരവിടുന്ന 2023 ജനുവരി മാസത്തിൽ നിർമ്മിച്ചു വെച്ച ബസ് ഷെൽട്ടറിന്റെ മേൽക്കൂര തുരുമ്പെടുത്തു നശിച്ച അവസ്ഥയിലാണ്. തുരുമ്പെടുക്കാത്ത അലുമിനിയം കുറുകേറ്റഡ് ഷീറ്റും അനുബന്ധ നിർമ്മാണ സാമഗ്രികളും ഉപയോഗിച്ച് മേൽക്കൂര നിർമിക്കണമെന്ന ഭരണാനുമതിക്കും എസ്റ്റിമേറ്റിനും വിരുദ്ധമായി നിലവിൽ നിർമ്മിച്ച പ്രവർത്തികളെ സാധൂകരിക്കുന്നതിന് നടത്തിയിട്ടുള്ള പ്രവർത്തനങ്ങളും നിലവിലെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാതെയും നിലവിലെ അവസ്ഥ വിലയിരുത്താതെയും കരാറുകാരന് പണം നൽകാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതും കരാറുകാരനെയും കുറ്റക്കാരായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള കുറ്റകരമായ ഗൂഢാലോചനയുടെയും നഗ്നമായ അധികാര ദുർവിനിയോഗത്തിന്റെയും ഭാഗമായാണ്. ഇക്കാര്യങ്ങളിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗ മാർഗ്ഗനിർദ്ദേശപ്രകാരം മേൽനോട്ടം നിർവഹിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കേണ്ടതും കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കേണ്ടതുമാണ്.
ഈ കാര്യങ്ങൾ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലഭ്യമായ മുഴുവൻ രേഖകളുടെയും പകർപ്പ് സഹിതം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുള്ളതാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ ശിക്ഷിക്കുകയും പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഉണ്ടായ നഷ്ടം വീഴ്ചവരുത്തിയവരിൽ നിന്ന് ഈടാക്കി വിഭാവനം ചെയ്തതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ബസ് ഷെൽട്ടർ നിർമ്മിക്കുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളും തുടർന്നും നടത്തും.
Comments
0 comment