നാട്ടുകാരുടെ പ്രതിഷേധം മൂലം ഗ്രാമസഭ മാറ്റിവെച്ചു.പായിപ്ര ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നടത്തുവാൻ സാധിക്കാതെ മാറ്റിവെച്ചു.മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഇരുപത്തിരണ്ടാം വാർഡ് അംഗം എം സി വിനയന്റെ ഭാര്യയുടെ പേരിൽ ലൈഫ് പദ്ധതി പ്രകാരമുള്ള ഭവനനിർമ്മാണത്തിനുള്ള പണവും സ്ഥലം വാങ്ങുവാനുള്ള പണവും ചട്ടവിരുദ്ധമായി നൽകി എന്ന് ആരോപിച്ചുള്ള ജനങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഗ്രാമസഭ മാറ്റിവെച്ചത്.മുൻ ഗ്രാമസഭയിൽഈ വിഷയം ജനങ്ങൾ ഉന്നയിക്കുകയും മെമ്പർക്കെതിരെ പ്രമേയം കൊണ്ടുവരികയും ചെയ്തിരുന്നു .ഈ വിഷയത്തിന്മേൽ അന്വേഷണം നടത്തി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും ചോദ്യങ്ങൾക്കുള്ള മറുപടി പഞ്ചായത്ത് സെക്രട്ടറി തന്നെ നേരിട്ട് നൽകുമെന്നുമുള്ള ഉറപ്പ് അധികൃതർ നൽകിക്കൊണ്ടാണ് ഗ്രാമസഭ പിരിഞ്ഞിരുന്നത്. എന്നാൽ ഈ ഉറപ്പ് പാലിക്കാത്തതിനാലും അന്ന് ഉന്നയിച്ച പരാതികളും പ്രമേയവും മിനിറ്റ്സിൽ ഉൾപ്പെടുത്താത്തതിലും ഗ്രാമസഭയിൽ ജനങ്ങൾ പ്രതിഷേധിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അംഗസംഖ്യ ഇല്ലാത്തതിനാലും ഗ്രാമസഭ കൂടിയില്ല.ഈ വിഷയത്തിൻമേൽ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് വാർഡ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടി കെഎസ് ദിനേശ് പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.ഭൂരഹിതരായ കിടപ്പാടം ഇല്ലാത്ത നിരവധി ദരിദ്രരെ മറികടന്ന് ഗ്രാമപഞ്ചായത്ത് അംഗം ചെയ്ത അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് പായിപ്ര പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ:
Comments
0 comment