മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ 83-മത് വാർഷിക പൊതുയോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കളക്ടർ.
1960 മുതൽ സമീപകാലം വരെയുള്ള തലമുറകളെ മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഒന്നിപ്പിക്കുന്നു. പേരിൽ ഓൾഡ് ഉണ്ടെങ്കിലും പ്രവർത്തനത്തിലും പ്രസരിപ്പിലും യുവത്വം തുളുമ്പുകയാണ്. യങ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. സമൂഹത്തിന്‍റെ നാനാതുറകളിൽ മികവുറ്റ നേതൃനിരയെ നൽകിയ സമ്പന്നമായ ചരിത്രമാണ് മഹാരാജാസിനുള്ളത്. അധ്യാപക - വിദ്യാർത്ഥി സമൂഹവും കലാലയത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന പൂർവ വിദ്യാർത്ഥികളും ഒത്തൊരുമിച്ച് ശ്രമിച്ചാൽ മഹാരാജാസ് കേരളത്തിന്‍റെ അഭിമാനമായി തുടരുമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.
മഹാരാജാസ് കോളേജിന്‍റെ പൈതൃകത്തിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ലോകമെമ്പാടുമുള്ള പൂർവ വിദ്യാർത്ഥി സമൂഹത്തിന് ഉറപ്പു നൽകുകയാണെന്ന് പ്രിന്‍സിപ്പൽ വി.എസ്. ജോയ് പറഞ്ഞു. സാങ്കേതികമായ പിഴവുകൾ മൂലമുണ്ടായ പ്രശ്നം പർവതീകരിക്കപ്പെടുന്ന സാഹചര്യമാണ് സമീപകാലത്തുണ്ടായത്. ഇത് കേരളത്തിലെ പൊതുകലാലയങ്ങൾ പൊതുവെ നേരിടുന്ന സമീപനമാണ്. മഹാരാജാസ് കാമ്പസിൽ ആരോഗ്യകരമായ ചർച്ചകളുടേയും സംവാദങ്ങളുടേയും അന്തരീക്ഷം തിരിച്ചെത്തുമെന്നും പ്രിന്‍സിപ്പൽ പറഞ്ഞു.
ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സി.ഐ.സി.സി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആന്‍റണി ജോസഫ് റിപ്പോർട്ടും ട്രഷറർ കെ.പി. ഹരിലാൽ കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ഡോ. ടി.പി. ജമീല, സെക്രട്ടറിമാരായ പി.എം. ഫസീല, എ.കെ. രാജന്‍ തുടങ്ങിയവർ പ്രസംഗിച്ചു. മഹാരാജാസിന്‍റെ യശസിന് കോട്ടം തട്ടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചെറുക്കുമെന്നും പഠന - പഠ്യേതര രംഗങ്ങളിലെ മികവ് നിലനിർത്തി മുന്നേറുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും യോഗം തീരുമാനിച്ചു. അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുന്ന കോളേജിന്‍റെ നൂറ്റമ്പതാം വാർഷികാഘോഷത്തിനും അസോസിയേഷന്‍ പിന്തുണ നൽകും.
Comments
0 comment