നെടുമ്പാശ്ശേരി :ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ഹജ്ജ് വകുപ്പ് മന്ത്രി എ.വി അബ്ദുൾ റഹ്മാൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു വിമാനത്താവളം മാത്രം കേന്ദ്രീകരിച്ചുണ്ടായിരുന്ന ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് ഈ വർഷം മുതൽ മൂന്നു സ്ഥലങ്ങളിലായി വ്യാപിപ്പിച്ചത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാജിമാർക്ക് യാതൊരു പ്രയാസവും കൂടാതെ ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കാനാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ ഇന്നലെ രാവിലെ നടന്ന ഹാജിമാരുടെ യാത്രയപ്പ് ചടങ്ങിൽ യാത്രാ മംഗളങ്ങൾ നേർന്ന് സംസാരിക്കുകയായിരുന്നു.
മാത്രമല്ല വനിതാ തീർത്ഥാടകർ ഹജ്ജിന് പോകുന്നത് സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് വനിതകൾക്കു മാത്രമായി കോഴിക്കോട് ഒരു ഹജ്ജ് ഹൗസ് നിർമ്മിച്ചത്. ഇതു കൂടാതെ മക്കയിലെത്തിയാൽ കേരളീയരായ ഹാജി മാർക്ക് അവിടെ വേണ്ടസഹായങ്ങൾ ചെയ്ത് കൊടുക്കുന്നതിന് ഒരു ഹജ്ജ് ഓഫീസറുടെ സേവനവും സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാന കുടുംബശ്രീ ഡയറക്ടറായ ഐ. എ എസ് കേഡറിലുള്ള ജാഫർ ഷരീഫ് എന്ന ഉദ്യോഗസ്ഥനെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിലൊക്കെ ഹജ്ജിന് പോയി പല രീതിയിൽ പ്രയാസപ്പെട്ടവർ നൽകിയ പരാതികളുടെ വെളിച്ചത്തിലാണ് സർക്കാരിന്റെ ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദീപ് എം പി മുഹമ്മദ് ഫൈസൽ, അൻവർ സാദത്ത് എം.എൽ എ , എ എം.യുസഫ് എക്സ് എം.എൽ.എ , സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം സഫർ എ കയാൽ, അഡ്വ.വി. ഇ അബ്ദുൽ ഗഫൂർ , എന്നിവർ സംസാരിച്ചു.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ബോധന പ്രസംഗം നടത്തി. കൽത്തറ അബ്ദുൾ ഖാദർ മദനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹജ്ജ് സെൽ ഓഫീസർ എം ഐ ഷാജി തീർത്ഥാടകർക്ക് മാർഗ്ഗ നിർദ്ദേശങ്ങളും നൽകി. ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റർ ടി.കെ. സലീം, മമ്മൂഞ്ഞ് മുച്ചേത്ത്, ഹൈദ്രോസ് ഹാജി, ഷബീർ മണക്കാട്, അബ്ദുൾ അസീസ് സഖാഫി, ഇ കെ അബൂബക്കർ കങ്ങരപ്പടി
എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
Comments
0 comment