menu
ഇടുക്കി മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം - ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ
ഇടുക്കി മെഡിക്കൽ കോളേജിൽ  രോഗി മരിച്ച സംഭവം - ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ
1
303
views
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ രോഗി ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ.കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി മേരിയുടെ മരണത്തിലാണ് കുടുംബാംഗങ്ങൾ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. ഡോക്ടറെ കാണുന്നതിനും ഇ.സി.ജി എടുക്കുന്നതിനുമായി പലതവണ സ്റ്റെപ്പുകൾ കയറിയിറങ്ങേണ്ടി വന്നുവെന്നും വീൽചെയർ പോലും നൽകിയില്ലെന്നുമാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ മകളോടൊപ്പം മെഡിക്കൽ കോളേജ്  ആശുപത്രിയിൽ എത്തിയ മേരി നാലു തവണയോളം ആശുപത്രിയിലെ സ്റ്റെപ്പുകൾ കയറിയിറങ്ങേണ്ടി വന്നുവെന്നാണ് കുടുംബാംഗങ്ങൾ  പറയുന്നത്. വീൽചെയർ ആവശ്യപ്പെട്ടപ്പോൾ  ഇല്ലെന്ന് അറ്റൻഡർമാർ മറുപടി നൽകിയെന്നും ഇവർ ആരോപിക്കുന്നു.

ഇസിജിയിൽ രോഗിയുടെ ആരോഗ്യാവസ്ഥ മോശമാണെന്ന് മനസ്സിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോഴും ഇതിനായി വീൽചെയറോ സ്ട്രക്ച്ചറോ ലഭിച്ചില്ല എന്നും ഇവർ പറയുന്നു. ഒടുവിൽ കോട്ടയത്തേക്ക് കൊണ്ടു പോകാനായി എത്തിയ ആംബുലൻസിലെ സ്ട്രക്ചർ പുറത്തെടുത്ത് മേരിയെ കൊണ്ടുപോവുകയായിരുന്നുവെന്നും  മേരിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ശേഷമാണ് രോഗി മരിച്ചത്. 

ഇടുക്കി മെഡിക്കൽ കോളജിലെ ഒന്നാം നിലയിലേക്കും തിരിച്ചും പലതവണ കയറി ഇറങ്ങിയതോടെ രോഗിയുടെ ആരോഗ്യ നില മോശമായിരുന്നുവെന്നും ഇതാണ്  മരണത്തിലേക്ക് നയിച്ചതെന്നുമാണ് മേരിയുടെ കുടുംബത്തിൻറെ ആരോപണം.

 സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

 എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇടുക്കി മെഡിക്കൽ കോളേജ്  അധികൃതർ, ആശുപത്രിയിൽ  ആവശ്യത്തിന് വീൽചെയർ അടക്കമുളള അടിസ്ഥാന സൗകര്യങ്ങൾ ചികിത്സക്കെത്തുന്ന രോഗികൾക്കായി ഒരുക്കിയിട്ടുണ്ടെന്നും സംഭവത്തിൽ  വിശദീകരണം നൽകി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations