കഥയുടെ കുലപതി ടി. പത്മനാഭന് മേള ഫൈൻ ആർട്ട്സ് സൊസൈറ്റി ഹൃദ്യമായസ്വീകരണം നൽകി. കഥകളിൽ മോശം വാക്കുകൾ ഉപയോഗിക്കാത്തത് തനിക്കും അമ്മ, പെങ്ങന്മാരുള്ളതുകൊണ്ടാണെന്നും അവർക്കുകൂടി വായിക്കാൻ വേണ്ടിയാണ് താനെഴുതുന്നതെന്നും ടി. പത്മനാഭൻ പറഞ്ഞു. ഇരുന്നൂറിലേറെ കഥകളെഴുതിയ പത്മനാഭൻ അദ്ദേഹത്തിന്റെ കഥകളിലൊരിടത്തും മോശം വാക്കുകളുപയോഗിച്ചിട്ടില്ല എന്ന് സ്വാഗതപ്രസംഗത്തിൽ മേളസെക്രട്ടറി മോഹൻദാസ് എസ്. സൂചിപ്പിച്ചതിനെ ചുവടുപിടിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കഥകൾ വായിച്ചാരും ചീത്തയാവരുതെന്നത് ബോധപൂർവ്വം എടുത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മേള അതിന്റെ സുവർണകാലത്തെ ഓർമ്മപ്പെടുത്തുംവിധമുള്ള പ്രവർത്തനങ്ങളാണ് അടുത്തകാലത്തായി നടത്തിവരുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ സാഹിത്യ അക്കാദമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ സൂചിപ്പിച്ചു. മേള പ്രസിഡന്റ് പി.എം. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻദാസ് എസ്., വൈസ് പ്രസിഡന്റ് പി. എ. സമീർ, ട്രഷറർ സുർജിത് എസ്തോസ് എന്നിവർ സംസാരിച്ചു. പി. എം.ഏലിയാസ് ടി. പത്മനാഭനെ പൊന്നാടയണിയിച്ച് ആദരിച്ചു. മോഹൻദാസ് എസ്. ടി. പത്മനാഭന് മേളയുടെ ഉപഹാരം സമ്മാനിച്ചു. ‘അങ്ങനെ ഒരാൾ മാത്രം – എം. പി. നാരായണപിള്ള സ്മൃതിലേഖ’ എന്ന പായിപ്ര രാധാകൃഷ്ണൻ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശനവും ടി. പത്മനാഭൻ നിർവ്വഹിച്ചു. ഒരു ദിവസം നീണ്ട പുസ്തകോത്സവവും എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി സിനിമയുടെ പ്രദർശനവും നടന്നു.
മൂവാറ്റുപുഴ:
Comments
0 comment