
സമൂഹത്തിലും കുട്ടികളിലും വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണ പ്രചരണങ്ങളുമായി സ്ത്രീകളും അമ്മമാരും. പുനർജനി സെന്റർ ഫോർ വിമൻ്റെ നേതൃത്വത്തിൽ മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ജാഗ്രതാ ദീപം' പരിപാടിയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു.സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, അമ്മമാരും സ്ത്രീകളും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകത പരിപാടി ഊന്നിപ്പറഞ്ഞു. കുട്ടികളിലും യുവാക്കളിലും മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സബ് ഇൻസ്പെക്ടർ സിബി അച്യുതൻ, മയക്കുമരുന്നിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും നിയമപരമായ വശങ്ങളെക്കുറിച്ചും വിശദീകരിച്ചു. അസീസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് കോ ഓർഡിനേറ്റർ സിമി സഹീർ ഷംന പരീദ്, ഡോളി സാജു, ജാസ്മിൻ അനസ് നെജി മൈതീൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ പങ്കെടുത്തവർ മെഴുകുതിരികൾ കത്തിച്ച് മയക്കുമരുന്നിനെതിരെയുള്ള തങ്ങളുടെ പ്രതിജ്ഞ പുതുക്കി. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്ന് സംഘാടകർ അറിയിച്ചു.
Comments
0 comment