
ലക്ഷങ്ങൾ ചിലവഴിച്ച് മൂവാറ്റുപുഴ നഗരസഭ നടപ്പാക്കുന്ന മാലിന്യ സംസ്ക്കരണ പദ്ധതി നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് സി.പി.എം.അന്വേഷണം ആവശ്യപ്പെട്ട് ഉടൻ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ഏരിയാസെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു അറിയിച്ചു. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ് ഗ്ലോബൽ ട്രേഡേഴ്‌സുമായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ ഏർപ്പെട്ട കരാർ അപൂർണവും കമ്പനിക്ക് അമിത ലാഭം ഉണ്ടാക്കുന്നതുമാണ്. 2022 ഏപ്രിൽ 7 ന് നാലു വർഷ കാലാവധിയുളള കരാറിലാണ് നഗരസഭ സെക്രട്ടറി ഒപ്പിട്ടുളളത്. 2026 ഏപ്രിൽ 7 വരെ കരാറിന് നിയമ സാധുതയുണ്ട്. സുപ്രധാന വ്യവസ്തകൾ ബ്ലാങ്കാക്കി ഇട്ടിരിക്കുന്ന കരാറിലാണ് ഒപ്പ് വച്ചിരിക്കുന്നത്. മുനിസിപ്പൽ സെക്രട്ടറി ഒന്നാം കക്ഷിയായും ക്രിസ് ഗ്ലോബൽ ട്രഡേഴ്‌സ് തിരുവല്ലയ്ക്കു വേണ്ടി ഹരിത സഹായ സ്ഥാപന സി.ഇ.ഒ. ക്രിസ്റ്റഫർ എം. രണ്ടാം കക്ഷിയായും നഗരസഭയെ മാലിന്യ മുക്ത ഹരിത നഗര നഗരമാക്കുക എന്ന പദ്ധതി നടത്തിപ്പിനായി ഉഭയ കക്ഷി സമ്മതപ്രകാരമാണ് കരാറുണ്ടാക്കിയത്. നഗരസഭ പരിധിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും കരാർ സ്ഥാപനം സമയബന്ധിതമായി ശേഖരിക്കണമെന്നും യഥാവിധി തരംതിരിച്ച് സംസ്ക്കരിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനും ആവശ്യമായ ഭൗതിക സാങ്കേതിക സാഹചര്യങ്ങൾ (വാഹനം, തൊഴിലാളികൾ) സ്വന്തം ഉത്തരവാദിത്വത്തിൽ ഏർപ്പെടുത്തണമെന്നും 2016 ലെ സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ചട്ടങ്ങൾ, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ, ബയോ മെഡിക്കൽ വേസ്റ്റ് പരിപാലന ചട്ടങ്ങൾ. കൺസ്ട്രക്ഷൻ ആന്റ് ഡിമോളിഷൻ വേസ്റ്റ് മാനേജ്മെൻ്റ് ചട്ടങ്ങൾ, മുനിസിപ്പൽ നിയമം എന്നിവ പാലിക്കണമെന്നും കരാറിലുണ്ട്. എന്നാൽ ഇതെല്ലാം കരാർ കമ്പനി ലംഘിച്ചു. ഇതിന് നഗരസഭ അധികൃതർ ഒത്താശ നടത്തുകയും ചെയ്തു.മാലിന്യം തരം തിരിക്കുന്നതിന് വളക്കുഴി ഡംമ്പിങ് യാർഡ് ഉപയോഗിക്കുമ്പോൾ വാടകയിനത്തിലും പ്രതിവർഷം സെക്യൂരിറ്റി ഇനത്തിൽ നൽകേണ്ട തുക കരാറിൽ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല മാലിന്യ ശേഖരണത്തിന് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തോന്നും പോലെ പണം ഈടാക്കി വരുന്നു. മാലിന്യ നിർമാർജനം പൊതുജനത്തിന്റെ ബാധ്യതായി. നഗരസഭ പൂർണമായി കൈ ഒഴിഞ്ഞ സ്ഥിതിയാണ്. എല്ലാം തീരുമാനിക്കുന്നത് കരാർ കമ്പനിയാണ്.മാലിന്യം ശേഖരിച്ച് തരംതിരിക്കുന്ന സ്ഥലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധവും കൊതുക്, ഈച്ച, പ്രാണി മുതലായവ വളരാൻ സാഹചര്യം ഉണ്ടാകാത്ത തരത്തിലും പറവകൾ, നായ തുടങ്ങിയവയുടെ ശല്യം ഒഴിവാക്കിയും ആകണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. ഹരിതകർമ സേനയുടെ വരവ്, ചെലവ് കണക്കുകളും, മാലിന്യ ശേഖരണം, നിർമ്മാർജനം, സംസ്ക്കരണം എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കണക്കുകളും യഥാസമയം രേഖപ്പെടുകയും നഗരസഭ സെക്രട്ടറി മുമ്പാകെ ഹാജരാക്കണമെന്ന വ്യവസ്ഥയും കാറ്റിൽ പറത്തി. മാലിന്യസംസ്ക്കരണം ലാഭം കൊയ്യാനുളള അവസരമാക്കി മാറ്റി.പദ്ധതി പ്രവർത്തനം താളം തെറ്റിയതോടെ ശുചിത്വ മിഷൻ നഗരസഭ ചെയർമാൻ, സെക്രട്ടറി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചെങ്കിലും ചെയർമാൻ പങ്കെടുത്തില്ല. ഈ സ്ഥിതി തുടർന്നാൽ മൂവാറ്റുപുഴ നഗരസഭയെ കരിമ്പട്ടികയിൽ ഉൾപെടുത്തുമെന്ന മുന്നറിയിപ്പാണ് ബന്ധപ്പെട്ടവർ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മാലിന്യ സംസ്ക്കരണ പദ്ധതി അട്ടിമറിച്ച് ലക്ഷങ്ങളുടെ അഴിമതി നടത്തിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് നടന്ന കൗൺസിൽ യോഗം എൽ.ഡി.എഫ്. അംഗങ്ങൾ ബഹിഷ്കരിച്ചു
Comments
0 comment