ഭാവി തലമുറയ്ക്കും നമ്മുടെ നാടിനും വലിയ ഭീഷണിയായ ലഹരി എന്ന സാമൂഹ്യവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് വ്യവസായി വകുപ്പ് മന്ത്രി പി. രാജീവ്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റീസര്‍ജന്‍സ് 2023 എന്ന പേരില്‍ കാക്കനാട് കാര്‍ഡിനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ക്യാമ്പയിനില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ഏകോപനത്തോടെ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലഹരിയുടെ വിപത്തില്‍ നിന്ന് നാടിനെയും ഭാവി തലമുറയെയും രക്ഷിക്കാനാകൂ. വഴിയരികിലും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തി നിരവധിപേര്‍ വിദ്യാര്‍ത്ഥികളെ തെറ്റായ വഴിക്ക് നയിക്കുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം, വില്‍പന എന്നിവ തടയാന്‍ എക്‌സൈസ് വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക നമ്പറുകളും ഒരുക്കിയിട്ടുണ്ട്. വിവരം നല്‍കിയത് ആരാണ് എന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഈ നമ്പറുകള്‍ എല്ലാവരും ഉപയോഗപ്പെടുത്തി സമൂഹത്തില്‍ നിന്ന് ലഹരിയെ തുടച്ചുമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. സ്‌കൂള്‍, കോളേജ്, വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്യാമ്പയിനിലൂടെ വരുംതലമുറയെ ലഹരിയില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുവാന്‍ സാധിക്കട്ടെയെന്ന് സ്‌കൂള്‍, കോളേജ് തലത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ബോധവല്‍ക്കരണ യജ്ഞം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഹൈബി ഈഡന്‍ എം. പി. പറഞ്ഞു. ചടങ്ങില്‍ ലഹരിവിരുദ്ധ ലോഗോ പ്രകാശനവും എം.പി. നിര്‍വഹിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ പദ്ധതിയുടെ അംബാസിഡര്‍മാരായി പ്രഖ്യാപിച്ചുകൊണ്ട് കൊച്ചി കോര്‍പ്പറേഷന്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
ലഹരി മാഫിയ ഏറ്റവും കൂടുതല്‍ പിടിമുറുക്കുന്നത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ്. അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റീസര്‍ജന്‍സ് 2023 എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
വിദ്യാര്‍ത്ഥികളായ നിങ്ങളുടെ എല്ലാവരുടെയും ഉള്ളില്‍ തീവ്രമായ ഒരു ആഗ്രഹം ഉണ്ടായിരിക്കണം. ആ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം നിങ്ങളുടെ ലഹരി എന്ന് ചടങ്ങില്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ചടങ്ങില്‍ ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കര്‍ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു.
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി മാനേജര്‍ ഫാ. തോമസ് നങ്ങേലി മാലില്‍ തീം സോങ് പ്രകാശനം ചെയ്തു.
ക്യാമ്പയിനോടനുബന്ധിച്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയരാജ് അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ ഓട്ടന്‍ തുള്ളല്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ എന്‍സിസി ബാന്റിന്റെ നേതൃത്വത്തില്‍ ബാന്റ് മേളം, ഭാരത മാതാ കോളേജ് എന്‍സിസി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍, പാമ്പാക്കുട എന്‍.ടി. എം എച്ച്എസ്എസ് എന്‍സിസി വിഭാഗത്തിന്റെ സെറിമോണിയല്‍ പരേഡ്, രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ എറോബിക് ഡാന്‍സ്, കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവരുടെ ഫ്‌ളാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
കൂടാതെ ബാഡ്ജിങ് സെറിമണി ചടങ്ങില്‍ നാഷണല്‍ കെഡറ്റ് കോര്‍പ്‌സിന് കേണല്‍ കുര്യന്‍ പൗലോസ് ബാഡ്ജ് വിതരണം ചെയ്തു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന് ആലുവ സൂപ്രണ്ട് ഓഫ് പോലീസ് വിവേക് കുമാര്‍, ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റിന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ ബാഡ്ജുകള്‍ വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി അശോക വേള്‍ഡ് സ്‌കൂളിന്റെ നേതൃത്വത്തിലാണ് 5000 ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കറുകള്‍ തയ്യാറാക്കിയത്. എളന്തിക്കര ഗവ. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പി.ജെ. അവിദ ആണ് ലഹരി വിരുദ്ധം ലോഗോ തയ്യാറാക്കിയത്.
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി മിഷന്‍, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികളില്‍ ക്യാമ്പയിന്‍ നടത്തുന്നത്.
ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എ. വാഹിദ, ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ജോസഫ് അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ജീവനക്കാര്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments
0 comment