
നഗരസഭയുടെ ഡംപിംഗ് യാര്‍ഡില്‍ നിക്ഷേപിക്കേണ്ട മാലിന്യം മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ ആധുനിക മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ നിക്ഷേപിയ്ക്കുന്നത് പ്രതിഷേധര്‍ഹമാണെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി ആരോപിച്ചു. കൂടാതെ പൊതുയിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും നഗരസഭ ജീവനക്കാര്‍ തന്നെ ആധുനിക മത്സ്യ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്്ടങ്ങളും ഉള്‍പ്പെടെയുള്ള കൂട്ടിയിട്ട് കത്തിക്കുന്നതും പ്രശ്നമാക്കുന്നു. നഗരസഭയുടെ വളക്കുഴി ഡംപിംഗ് യാര്‍ഡില്‍ മാലിന്യം തള്ളുന്നത് മൂലം ദുര്‍ഗന്ധവും മലിന ജലം ഒഴുകുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഇവിടെ മാലിന്യവുമായെത്തുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയാണ്. നഗരസഭയുമായി സമരക്കാര്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും ചർച്ചയെപ്പോഴും അലസിപോകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭ മാലിന്യം മത്സ്യ മാര്‍ക്കറ്റില്‍ നിക്ഷേപിയ്ക്കുന്നത്. ഇത് രോഗം പടര്‍ത്തുവാന്‍ മാത്രമേ കാരണമാകുകയുള്ളൂ. ഇത് അവസാനിപ്പിയ്ക്കണമെന്നും നഗരസഭ പ്രദേശത്ത് ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് ഇപ്പോഴും കാട് കയറികിടക്കുകയാണ്. നഗരമധ്യത്തില്‍ നിര്‍മ്മിച്ച ഇവിടം മത്സ്യ മാര്‍ക്കറ്റ് ആരംഭിക്കാന്‍ കഴിയില്ല എന്ന് ഉറപ്പിച്ചെങ്കിലും കെട്ടിടവും സൗകര്യങ്ങളും മറ്റ് എന്തിനുവേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തില്‍ നഗരസഭയ്ക്ക് വ്യക്തതയില്ല. മുനിസിപ്പല്‍ സ്റ്റേഡിയത്തിനുസമീപത്തായതിനാല്‍ സ്‌പോര്‍ട്സ് ഹോസ്റ്റലാക്കി മാറ്റാം എന്ന് നഗരസഭ ഒരിക്കല്‍ ആലോചിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആധുനിക മത്സ്യമാര്‍ക്കറ്റിനുവേണ്ടി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടവും മറ്റും വേറെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയില്ല എന്ന നിയമോപദേശം കിട്ടിയതോടെ മത്സ്യമാര്‍ക്കറ്റ് നഗരസഭ ഉപേക്ഷിച്ച നിലയിലാണ്. മത്സ്യ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നതിന്റെ സമീപത്ത് ഒട്ടേറെ മത്സ്യ വില്‍പന ശാലകള്‍ തുറക്കുമ്പോഴും കോടികള്‍ മുടക്കി നിര്‍മിച്ച മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത് മൂലം ലക്ഷങ്ങളാണ് വാടക ഇനത്തില്‍ നഗരസഭയ്ക്ക് നഷ്ടമാകുന്നത്, മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആധുനിക ശുചിത്വപൂര്‍ണ മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചത്.
Comments
0 comment