2022 ജൂൺ 29ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രൊഫ. എം. പി. വർഗീസിന്റെ നൂറാം ജന്മദിന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തത് . തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം വിവിധങ്ങളായ ആഘോഷ പരിപാടികൾ നടത്തപ്പെടുകയുണ്ടായി. വിദ്യാഭ്യാസ വിചക്ഷണൻ, ധനതത്വശാസ്ത്രജ്ഞൻ, കാർഷികവിദഗ്ധൻ, എംഎൽഎ, സാമൂഹിക പ്രവർത്തകൻ, നിയമപണ്ഡിതൻ, പരിസ്ഥിതി സംരക്ഷകൻ, സംഘാടകൻ, സാമുദായിക പ്രമുഖൻ, ഗ്രന്ഥകർത്താവ്, നിരവധിയായ പുരസ്കാരജേതാവ് എന്നീ വിവിധ മേഖലകളിൽ പ്രാമുഖ്യം നേടിയ പ്രൊഫ.എം.പി.വർഗീസ് 1922 ജൂൺ 29 ന് ജനിച്ചു.
നിരവധിയായ മഹത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കി അറിവിന്റെ നന്മ വെളിച്ചം അനേകായിരങ്ങളിലേക്ക് പകർന്ന് നൽകിയ അദ്ദേഹം കോളേജ് അധ്യാപകനായും പ്രിൻസിപ്പലായും വിദ്യാഭ്യാസ സാരഥിയായും അക്ഷരലോകത്ത് പ്രോജ്ജ്വലിച്ച് നിൽക്കുന്നു. സാമുദായിക-വിദ്യാഭ്യാസ രംഗത്തെ നിസ്തുല സംഭാവനകളെ പരിഗണിച്ച് സഭയും ബഹുമതികൾ നൽകി ആദരിച്ചു. പ്രൊഫ. എം.പി വർഗീസിന്റെ 100-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആഗോള തലത്തിൽ പ്രശസ്തനായ ഒരു വ്യക്തിക്ക് എം.പി വർഗീസ് അവാർഡ് നൽകുവാൻ തീരുമാനിക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗിന് പ്രഥമ അവാർഡ് നൽകി ആദരിച്ചു.
100-ാം ജന്മദിന ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഭാഗമായി ജൂൺ 29 വ്യാഴാഴ്ച പ്രൊഫ. എം.പി. വർഗീസിന്റെ ബഹുമാനാർത്ഥം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് ഇറക്കുന്ന പ്രത്യേക കവർ പ്രകാശനം ചെയ്യുന്നു. ചടങ്ങിൽ എം.പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ അതിഥി ആയിരിക്കും. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ,എം. എ. കോളേജ് അസോസ്സിയേഷൻ ചെയർമാൻ ഡോ. മത്യൂസ് മാർ അപ്രേം, സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോതമംഗലം എം.എൽ.എ ആന്റണി ജോൺ,കോളേജ് അസോസ്സിയേഷൻ എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോർഡ് മെമ്പർമാർ, ഷെയർ ഹോൾഡേഴ്സ്, മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപകർ വിദ്യാർത്ഥികൾഎന്നിവർ ചടങ്ങിൽ പങ്കെടുക്കും .
Comments
0 comment