
നെടുമ്പാശ്ശേരി : ആത്മീയ നിർവൃതിയുടെ തീരം തേടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 19 ഹജ്ജാജിമാരുമായി അവസാന വിമാനം പറന്നുയർന്ന് പുണ്യ ഭൂമിയായ മക്കയുടെ മണ്ണിൽ നിലം തൊട്ടതോടെ ത്യാഗമനസ്സിന്റേയും ആത്മ സമർപ്പണത്തിന്റെയും ജൈത്രയാത്രക്കാണ് തുടക്കം കുറിച്ചത് .
ഇന്നലെ രാവിലെ ക്യാമ്പിൽ നടന്ന യാത്രയയപ്പ് ചടങ്ങിനും പ്രാർത്ഥനക്കും ശേഷം പത്തൊമ്പത് ഹാജിമാരാണ് വിശുദ്ധ ഹജ്ജ് കർമ്മത്തിനായി വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചത് . വെയിറ്റിംഗ് ലിസ്റ്റിൽ നിന്നും അവസാന നിമിഷം അവസരം ലഭിച്ച പത്ത് സ്ത്രീകളും ഒൻപത് പുരുഷന്മാരുമടങ്ങുന്ന തീർത്ഥാടക സംഘമാണ് സൗദി എയർലൈൻസിന്റെ എസ് വി 783 നമ്പർ യാത്രാ വിമാനത്തിൽ രാവിലെ 11.30 ന്പുറപ്പെട്ടത്. ഈ വർഷം നെടുമ്പാശ്ശേരിയിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഏഴു സർവീസുകളിലായി 2481 തീർത്ഥാടകരാണ് യാത്ര തിരിച്ചത്. ഇതിൽ കൂടുതലും ഹജ്ജുമ്മ (സ്ത്രീകൾ) മാരാണെന്ന പ്രത്യേകതയുമുണ്ട്. അതേസമയം
കഴിഞ്ഞ വർഷം ഇവിടെ നിന്നും 13000 ത്തിൽപ്പരം ഹാജിമാരാണ് പുറപ്പെട്ടത്. കേരളത്തിനു പുറമെ തമിഴ് നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരുമുണ്ടായിരുന്നു. ഇക്കുറി നെടുമ്പാശ്ശേരി ക്കു പുറമെ കരിപ്പൂരും കണ്ണൂരും എമ്പാർക്കേഷൻ പോയിന്റുകൾ ഉണ്ടായിരുന്നതു കൊണ്ടാണ് നെടുമ്പാശ്ശേരിയിലെ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത്. തൃശൂർ ജില്ല മുതൽ തിരുവനന്തപുരം ജില്ല വരെയുള്ള ഹാജിമാരാണ് നെടുമ്പാശ്ശേരി വഴി യാത്ര തിരിച്ചത് .
എന്നിരുന്നാലും ഹാജിമാർക്ക് സൗകര്യം ഒരുക്കുന്നതിൽ മുൻ വർഷങ്ങളെപ്പോലെ തന്നെ എല്ലാ ക്രമീകരണങ്ങളും ഹജ്ജ് കമ്മിറ്റി ഒരുക്കിയിരുന്നു.
സംസ്ഥാനത്തെ ആദ്യത്തെ എമ്പാർക്കേഷൻ പോയിന്റാണ് നെടുമ്പാശേരി . 2000 - 2001 ൽ ആണ് നെടുമ്പാശ്ശേരി എമ്പാർക്കേഷൻ പോയിന്റിന്റെ ആരംഭം മാറമ്പിള്ളി എം ഇ എസ് കോളേജിലായിരുന്നു ഹജ്ജ്ക്യാപ് ഒരുക്കിയിരുന്നത്. തുടർന്ന് 2002 മുതൽ 2014 വരെ കോഴിക്കോട്ടേക്ക് എമ്പാർക്കേഷൻ പോയിന്റ് മാറ്റി. 2015 മുതലാണ് നെടുമ്പാശ്ശേരിയിലേക്ക് ഹജ്ജ് ക്യാമ്പ് വീണ്ടും തിരിച്ചെത്തുന്നത്. കൊവിഡ് എന്ന മഹാമാരിയെ തുടർന്ന് 2020 ലും 21 ലും ആരോഗ്യ സുരക്ഷാ മുൻ കരുതലുകളെ തുടർന്ന് ഈ വർഷങ്ങളിൽ ഹജ്ജ് ക്യാമ്പ് തന്നെ ഉണ്ടായിരുന്നില്ല. നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പ് വിജയകരമാക്കുന്നതിൽ കൊച്ചി വിമാനത്താവള കമ്പനിയായ സിയാൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് സിയാലിന്റെ കൂടി പങ്കാളിത്തത്തോടെ ഇവിടെ ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത്. ഇവിടെയെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് വിശ്രമിക്കാനും പ്രാർത്ഥിക്കാനും പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിന് ഉൾപ്പെടെ വിപുലമായ സൗകര്യമാണ് സിയാൽ ചെയ്തു കൊണ്ടിരിക്കുന്നത്. ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനം മികച്ച രീതിയിലാക്കാൻ സംസ്ഥാന സർക്കാർ വഹിക്കുന്ന പങ്കും മികച്ചതാണ്. സംസ്ഥാന ഹജ്ജ് വകുപ്പുമന്ത്രി എവി അബ്ദുൾ റഹ്മാൻ കഴിഞ്ഞ ദിവസം നടന്ന ഹാജിമാരുടെ യാത്രയയപ്പ് സമ്മേളനത്തിൽ ഇതു വ്യക്തമാക്കുകയും ചെയ്തു. സംഘാടനത്തിലും സൗകര്യത്തിലും
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശംസനീയമായ ക്യാമ്പാണ് നെടുമ്പാരി ഹജ്ജ് ക്യാമ്പെന്ന് ഇതിനകം തന്നെ പല പ്രഗത്ഭരും അഭിപ്രായപ്പെട്ടിരുന്നു.
നെടുമ്പാശ്ശേരി ഹജ്ജ് ക്വാമ്പിന് സമാപനം കുറിക്കുമ്പോൾ ക്യാംപിന്റെ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് ഏറെയത്നിച്ച വോളന്റിയർ മാർ . ആരോഗ്യ പ്രവർത്തകർ , ഹജ്ജ് സെൽ ഉദ്യോഗസ്ഥർ. ട്രാൻസ്പോർട്ടേഷൻ സൗകര്യമൊരുക്കിയവർ , ഭക്ഷണമൊരുക്കിയവർ, മീഡിയപ്രവർത്തകർ , സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയവർ എന്നിവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയും നെടുമ്പാശ്ശേരി ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹസിൻ എം.എൽ.എയും സഫർ എ കയാലും പ്രത്യേകം അഭിനന്ദിച്ചു. തസ്ക്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി . ഹജ്ജ് സെൽ ഓഫീസർ എം ഐ ഷാജി , കോ-ഓഡിനേറ്റർ ടി.കെ.സലീം എന്നിവരുടെ പ്രവർത്തനങ്ങളും പ്രശംസ നാർഹമായിരുന്നു.
നെടുമ്പാശ്ശേരി വഴി ഹജ്ജിന് യാത്ര തിരിച്ച ഹാജിമാരുടെ മടക്കയാത്ര ജൂലൈ അവസാനവാരവും ആഗസ്റ്റ് ആദ്യവും ഉണ്ടാകുമെന്ന് ഹജ്ജ് കമ്മിറ്റിയംഗം സഫർ എ കയാൽ വ്യക്തമാക്കി.
Comments
0 comment