
ഓൺലൈൻ ജോലിയിലൂടെ കോടികൾ ലാഭം കിട്ടുമെന്ന് പറഞ്ഞ് 47 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ മലപ്പുറം, തിരൂരങ്ങാടി,കുറ്റൂർ കുന്നുംപുറം ഭാഗത്ത് ചെനാരിവീട്ടിൽ മൻസൂർ അലി(35)യെ മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽതോമസിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു.മൂവാറ്റുപുഴ -തൃക്കളത്തൂർ സ്വദേശി ക്കാണ് പണം നഷ്ടമായത്.ടെലഗ്രാം വഴിയാണ് തട്ടിപ്പ് 'സംഘം ഇയാളെ ബന്ധപ്പെട്ടത്.ഓൺലൈൻ ജോലിയിലൂടെ അധികവരുമാനം എന്നായിരുന്നു വാഗ്ദാനം. ബിഡ്ഡിംഗ് ഗെയിമിലൂടെ പതിനെട്ട് സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ ഓരോ ഗെയിമിലൂടെയും വൻ തുക കമ്മീഷൻ ലഭിക്കുമെന്നായിരുന്നു തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്. പലഘട്ടങ്ങൾ ആയിട്ടാണ് 47 ലക്ഷംരൂപ അയച്ചുകൊടുത്തത്. .കമ്മീഷനായി തനിക്ക് ലഭിക്കേണ്ട തുകകൾ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. അതിൽ സംശയം തോന്നിയാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.അറസ്റ്റിലായ പ്രതി സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷൻ കൈപ്പറ്റിയിരുന്നു. ഇയാളുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇത്തരത്തി നിരവധി പേർ അക്കൗണ്ട് എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐ വിഷ്ണു രാജു, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, കെ.എഅനസ് നിഷാന്ത് കുമാർ, രഞ്ജിത് രാജൻ എന്നിവർ ഉണ്ടായിരുന്നു. ഒൺലൈൻ ജോലി സംബന്ധമായി വരുന്ന മെസേജുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് ജില്ലാപൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളിൽ അന്വേഷണം നടന്ന് വരികയാണ്. അതുപോലെ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റാളുകൾക്ക് കൈകാര്യം ചെയ്യാൻ നൽകുന്നത് ഗുരുതര സ്വഭാവമുള്ളകുറ്റമാണെന്നും എസ്.പി പറഞ്ഞു.
Comments
0 comment