menu
ഇടുക്കി ജില്ലാ സാംസ്‌ക്കാരിക നിലയം; മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു
ഇടുക്കി ജില്ലാ സാംസ്‌ക്കാരിക നിലയം; മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു
0
315
views
ഇടുക്കി: ജില്ലാ സാംസ്‌ക്കാരിക നിലയം; മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു ഇടുക്കി-കട്ടപ്പന റോഡിനോട് ചേര്‍ന്ന് 37 ഏക്കറില്‍ ഇറിഗേഷന്‍ മ്യൂസിയം, മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍, സാംസ്‌കാരിക സമുച്ചയം എന്നിവയാണ് നിര്‍മ്മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

പദ്ധതിക്കായി 50 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചെറുതോണി-ഇടുക്കി മെയിന്‍ റോഡില്‍ ഒരു കിലോമീറ്റര്‍ മാറി ആലിന്‍ചുവട് ജംഗ്ഷന്‍ മുതല്‍ ഇടുക്കി ചപ്പാത്ത് വരെ റോഡിനോട് ചേര്‍ന്ന് ഡിടിപിസിയുടെ കൈവശമുള്ള ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്. 

റവന്യു വകുപ്പ് മുഖേന എത്രയും വേഗം സ്ഥലത്തിന്റെ സര്‍വേ നടത്തും. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടുക്കി ആര്‍ച്ച് ഡാമിന് സമീപത്ത് നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയവും അനുബന്ധ സംവിധാനങ്ങളും കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമായി ഇടുക്കി മാറും. ഇടുക്കി-മൂന്നാര്‍-തേക്കടി ബന്ധിപ്പിച്ചിട്ടുള്ള ടൂറിസം ട്രയാങ്കിളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  

മലയാളനാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഓരോ ദേശത്തിന്റെയും തനത് സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്നതിനുമായി സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും സാംസ്‌കാരിക നിലയം ഉയരുന്നത്. സംസ്ഥാനത്തെ അഞ്ചിലധികം ജില്ലകളില്‍ സാംസ്‌കാരിക നിലയങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. 

ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചുള്ള നിര്‍മ്മാണമായിരിക്കും നടത്തുന്നത്. ഓഡിറ്റോറിയങ്ങള്‍, താമസ സൗകര്യങ്ങള്‍, സെമിനാര്‍ ഹാളുകള്‍, ആര്‍ട്ട് ഗ്യാലറി, ബുക്ക് ഷോപ്പുകള്‍, കരകൗശല വിദഗ്ധര്‍ തയ്യാറാക്കുന്ന വിവിധ വസ്തുക്കളുടെ വില്‍പനശാല, സാംസ്‌കാരിക ശില്‍പങ്ങള്‍ തുടങ്ങിയവ സമുച്ചയത്തില്‍ ഉള്‍പ്പെടും. പദ്ധതി പ്രദേശത്തുള്ള ഈറ്റകള്‍ വെട്ടിമാറ്റുന്നതിന് ബാംബു കോര്‍പ്പറേഷന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.

മന്ത്രിയോടൊപ്പം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മായ എന്‍, സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ മാലിക്, പ്രൊജക്ട് മാനേജര്‍ രതീഷ് എം.ആര്‍, ഭൂരേഖ തഹസില്‍ദാര്‍ മിനി പി ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, ടോമി ഇളംതുരുത്തിയില്‍ എന്നിവരും ഉണ്ടായിരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations