മൂവാറ്റുപുഴ നഗരസഭയുടെ ഷീ ലോഡ്ജും ഷീ ടോയ്ലറ്റും തുറന്ന് പ്രവർത്തിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.മൂവാറ്റുപുഴ കെഎസ്ആർടി ബസ് സ്റ്റേഷന് സമീപം മുൻ 40 ലക്ഷം രൂപ മുടക്കിയാണ് നഗരസഭയിലെ മുൻ എൽഡിഎഫ് കൗൺസിൽ ഷീലോഡ്ജ് നിർമ്മിച്ചത്.
യാത്രക്കാരായ സ്ത്രീകൾക്ക് രാത്രിയിൽ താമസിയ്ക്കുന്നതിനും വിശ്രമിയ്ക്കുന്നതിനുമാണ് ഷീലോഡ്ജ് നിർമ്മിച്ചത്. ഷീലോഡ്ജ് തുറന്ന് പ്രവർത്തിപ്പിച്ചാൽ നഗരസഭയ്ക്ക് വരുമാനമുണ്ടാ ക്കാവുന്നതാണ്.
ഇതോടൊപ്പം നഗരത്തിൽ നിർമ്മിച്ച ഷീ ടോയ്ലറ്റും യുഡിഎഫ് നഗരസഭ ഭരണസമിതി തുറന്ന് പ്രവർത്തിപ്പിയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
മഹിള അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ടി വി അനിത ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് സുജാത സതീശൻ അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, അസോസിയേഷൻ ഏരിയ സെക്രട്ടറി ഷാലി ജെയിൻ, സീനത്ത് മീരാൻ, ഉഷ ശശിധരൻ, പി ആർ പങ്കജാക്ഷി, മിനി തോമസ്, നെജില ഷാജി എന്നിവർ സംസാരിച്ചു.
Comments
0 comment