ഇന്ന് രാവിലെ 9നു പുരയിടത്തിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. മൃതദേഹം കോതമംഗലത്തെ ആശുപത്രിയിൽ. വീടിനു സമീപം കൂവ വിളവെടുക്കുമ്പോഴാണ് ഇന്ദിരയെ കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.കുവ പറിക്കാൻ ഇറങ്ങിയ ഇന്ദിരയെ പുഴയിൽ നിന്നും കയറി വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.50 അടിയോളം ദൂരം കൊമ്പിൽ കോർത്ത് കൊണ്ടുപോയതിനുശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.
പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ശ്രമത്തിനിടെ മരണം സംഭവിക്കുകയായിരുന്നു . അടിമാലി പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നേര്യമംഗലം പാലം കഴിഞ്ഞ് വനത്തിൽ അഞ്ച് കിലോമീറ്റർ ഉള്ളിലുള്ള സ്ഥലമാണ് കാട്ടാന ആക്രമണം നടത്തിയ കാഞ്ഞിരവേലി. ഇവിടം കാട്ടാനകളുടെ സ്ഥിരം താവളമാണ്. കാട്ടാന ആക്രമണങ്ങളും പതിവാണ്.
പ്രദേശത്ത് കാട്ടാന ഇറങ്ങിയെന്നും അപകട സാധ്യത ഉണ്ടെന്നും വനം വകുപ്പിനെ പ്രദേശവാസികൾ അറിയിച്ചിട്ടും വനം വകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിന്റെ പ്രത്യാഘാതമാണ് ഇന്ന് ഉണ്ടായിരിക്കുന്ന കൊലപാതകമെന്ന് കേരള ഇന്റിപെന്റന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫാ) ആരോപിച്ചു.ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം.
ഇടുക്കി ജില്ലയിൽ മാത്രം രണ്ടുമാസത്തിനുള്ളിൽ ഉണ്ടാവുന്ന അഞ്ചാമത്തെ കൊലപാതകമാണ് ഇന്ന് നടന്നിട്ടുള്ളത്. 2024 ൽ നാളിതുവരെ 8 ആളുകൾ കാട്ടാന ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടു. വനം വകുപ്പ് വന്യജീവികളെ ജൈവായുധമായി ഉപയോഗിച്ച് ജനങ്ങളെ കുടിയൊഴിപ്പിച്ച് വനം വളർത്താനുള്ള നടപടികളാണ് തുടർന്നു വന്നുകൊണ്ടിരിക്കുന്നത് എന്ന് വാദത്തിന് ശക്തി പകരുന്നതാണ് നടന്നുവരുന്ന ഓരോ കൊലപാതകങ്ങളുമെന്ന് കിഫ ഭാരവാഹികൾ പറഞ്ഞു.
അല്പമെങ്കിലും ജനങ്ങളോട് ഉത്തരവാദിത്വം ഉള്ള സർക്കാർ ആണ് കേരളം ഭരിക്കുന്നത് എങ്കിൽ വകുപ്പ് മന്ത്രിയെ പുറത്താക്കി കഴിവും കാര്യക്ഷമതയും ഉള്ള ആളുകളെ വകുപ്പിന്റെ ചുമതല ഏൽപ്പിക്കണമെന്നും കിഫ ഭാരവാഹികൾ കൂട്ടിച്ചേർത്തു .
Comments
0 comment