
ദിവസവും നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിലെ മണ്ണത്തൂർ തോടിനു കുറുകെയാണ് പാലം. പാലത്തിന്‍റെ ഒരുഭാഗത്ത് റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ഇതേതുടർന്ന് പഞ്ചായത്ത് അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡിഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് ടാർ വീപ്പകള്‍ ഉപയോഗിച്ച് തടസം സൃഷ്ടിച്ചിട്ടുണ്ട്.
നിലവില്‍ റോഡിന്‍റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. ഒന്നരവർഷം മുൻപ് ഈ ഭാഗത്ത് സമാന രീതിയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. പിന്നീട് കരിങ്കല്‍ പാകിയ ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുകയായിരുന്നു.
റോഡ് ഇടിയാനുള്ള കാരണം പാലത്തിന് ഇരുവശങ്ങളിലുമുള്ള കരിങ്കല്‍കെട്ട് ഇടിഞ്ഞ് ഇടയിലെ മണ്ണ് നഷ്ടപ്പെട്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്. വീതിയേറിയ തോട്ടിന് കുറുകെയുള്ള പാലത്തിന് വീതി കുറവാണെന്നുള്ള ആക്ഷേപവും ഏറെക്കാലമായി ഉണ്ട്.വീതി കൂടിയ തോട് പാലത്തിന് സമീപം വരുന്പോള്‍ കുപ്പി കഴുത്ത് രൂപത്തില്‍ ആയതുമൂലം സമീപത്തെ പാടശേഖരങ്ങളില്‍ വെള്ളം കയറുന്നത് മറ്റൊരു ദുരിതമാണെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.
നിലവില്‍ അപകടാവസ്ഥയില്‍ തുടരുന്ന പാലം പൊളിച്ച് വീതികൂട്ടി പണി പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതോടൊപ്പം പാലത്തിന് സമീപത്തെ വഴിവിളക്ക് പ്രകാശിക്കാത്തത് രാത്രികാലങ്ങളില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
കൂത്താട്ടുകുളം നടക്കാവ് റോഡിലെ തകർന്ന പാലത്തിൽ പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച നിലയിൽ
Comments
0 comment