ആലുവ: ലഹരിക്കെതിരെ ക്രിക്കറ്റ് കാർണിവെലുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഡി ഐ ജി കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ നാൽപ്പതോളം ടീമുകളാണ് പങ്കെടുക്കുന്നത്. അഞ്ച് സബ് ഡിവിഷനുകളിലായാണ് മത്സരം
മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഓരോ ടീമും, ഡി പി ഒ, ക്യാമ്പ് ടീമുകളും, ആലുവ മീഡിയ ക്ലബ്ബ്, മർച്ചന്റ്സ്, നഗരസഭ, ഐ.എം.എ , ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ്, മറ്റ് സന്നദ്ധ സംഘടകൾ എന്നിവർ ഉൾപ്പെടുന്ന ടീമുകളും മാറ്റുരയ്ക്കും. വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ , പൊതുപ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നതാണ് ഓരോ പോലീസ് സ്റ്റേഷനിലെയും ടീമുകളെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. സബ് ഡിവിഷൻ തലത്തിൽ പ്രാഥമിക മത്സരം നടത്തും. അതിലെ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്യും. സബ് ഡിവിഷനിൽ ഫൈനലിൽ എത്തുന്ന രണ്ട് ടീമുകളെ ഉൾപ്പെടുത്തി മെഗാ ടൂർണ്ണമെന്റ് ലഹരി വിരുദ്ധ ദിനമായ ജൂലൈ 26 ന് ആലുവയിൽ നടത്തും. ഫൈനൽ ജേതാക്കൾക്ക് "ഡി ഐ ജി കപ്പ് " സമ്മാനിയ്ക്കും. ആദ്യ സബ് ഡിവിഷൻ മത്സരത്തിന് വ്യാഴാഴ്ച ആലുവയിൽ തുടക്കമായി.
Comments
0 comment