
പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ ഓരോ കുട്ടിയും നേടി എന്നത് രക്ഷിതാക്കളേയും പൊതു സമൂഹത്തേയും ബോധ്യപ്പെടുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പഠനോത്സവങ്ങളുടെ മൂവാറ്റുപുഴ ബിആർസി തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെജി രാധാകൃഷ്ണൻ നിർവ്വഹിച്ചു. പായിപ്ര സ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ മുഖ്യപ്രഭാഷണവും ബിപിസി ആനി ജോർജ് പഠനോത്സവ സന്ദേശവും നൽകി. ക്ലാസ് തലത്തിലും കോർണർ തലത്തിലും സ്കൂൾ തലത്തിലും നടത്തിയ പഠനോത്സവങ്ങളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. ഭാഷാമൂല, ഗണിത മൂല, ശാസ്ത്ര മൂല, അഭിനയം, സംഗീതം,നിർമാണം, വിവിധ രചനകൾ തുടങ്ങി പതിമൂന്നോളം ഇടങ്ങൾ ക്രമീകരിച്ചാണ് പഠനോത്സവം സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ ട്രാഫിക് ലഘുലേഖ വിതരണവും, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി വിനയൻ ഒന്നാം ക്ലാസ് കുഞ്ഞെഴുത്ത് പ്രകാശനവും നടത്തി.ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി കുട്ടികൾ നിർമിച്ച സോപ്പുകളുടെ വിതരണവും ബിആർസി ട്രെയിനർ ജിനു ജോർജ് സർഗാത്മക രചനകളുടെ പ്രകാശനവും നടത്തി. പിടിഎ പ്രസിഡൻ്റ് നിസാർ മീരാൻ, വൈസ് പ്രസിഡൻ്റ് ഷാജഹാൻ പേണ്ടാണം,ബിആർസി ട്രെയിനർ ഡിംപിൾ പൗലോസ്, സിആർസി കോഓർഡിനേറ്റർമാരായ അഹല്യാമോൾ, തുളസി എംജെ, ആതിര ശശി, നിധി ചെല്ലപ്പൻ, അധ്യാപകനായ കെഎം നൗഫൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ അവതരണങ്ങളും നടന്നു.
Comments
0 comment