
മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുംകര കരയിൽ മാർക്കറ്റ് ഭാഗത്ത് പുത്തൻപുര വീട്ടിൽ അർഷാദ് അലി (33)യെ മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അസ്റ്റ് ചെയ്തു.ജനുവരി 13 ന് പകൽ12 മണിയോടെ ബൈക്കിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ എസ് ബി ഐ എ ടി എമ്മിന് മുന്നിൽ നിൽക്കുകയായിരുന്ന യുവതിയുടെ മാല കവരുകയും തുടർന്ന് വൈകിട്ട് മൂന്നരയോടെ വെള്ളൂർകുന്നം തൃക്ക ഭാഗത്ത് നിന്ന് നടന്നു പോകുകയായിരുന്ന അങ്കണവാടി അദ്ധ്യാപികയുടെ മാല അതേ ബൈക്കിൽ വേഷം മാറി എത്തിപൊട്ടിച്ചു കൊണ്ടുപോകുകയും ചെയ്ത കേസിലെ പ്രതിയാണ് അർഷാദ്.ആലുവ പമ്പ് ജംഗ്ഷൻ സമീപത്ത് നിന്ന് മോഷണം നടത്തിയ ബൈക്കിൽ എത്തിയാണ് മുവാറ്റുപുഴയിൽ മാലകൾ പിടിച്ചുപറിച്ചത്.പ്രതിയെ പറ്റി യാതൊരു തുമ്പും കിട്ടാത്തകേസിൽ എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മൂവാറ്റുപുഴ പരിസരത്തെ മുപ്പത്തോളം സിസിടീവി ക്യാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യത്തിൽപെട്ടവരെ നിരീക്ഷിച്ചും ആണ് പ്രതി മോഷണത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തി പ്രതിയിലേക്ക് എത്തിയത്. തമിഴ്നാട് ഏർവാടിയിൽ ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.മോഷ്ടിച്ച മാല മുവാറ്റുപുഴ മാർക്കറ്റ് പരിസരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു.പറവൂർ പൊലീസ് സ്റ്റേഷനിലെ മോഷണകേസിൽ ജാമ്യം ലഭിച്ച് ഇരുപത് ദിവസത്തിനിടയിൽ ആണ് വീണ്ടും പിടിച്ചുപറി നടത്തിയത്. ആഡംബര ജീവിതത്തിനായാണ് പ്രതി മോഷണം നടത്തിയത്. മുവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രൻ്റ് പി.എം ബൈജുവിന്റെ മേൽനോട്ടത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്,എസ്ഐമാരായ കെ കെ രാജേഷ്, പി.സി ജയകുമാർ, സീനിയർ സി പി ഓ മാരായ പി.എ ഷിബു, സി.കെ മീരാൻ , ബിബിൽ മോഹൻ, കെ.എ അനസ്, സൂരജ്കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്..
Comments
0 comment