
സി.പി.എം പ്രസ്ഥാനത്തു നിന്നും ഇടഞ്ഞു നിൽക്കുന്ന പി.വി.അൻവർ എം.എൽ.എ.യുടെ അനുയായികൾ മുദ്രാവാക്യം വിളികളുമായി അണിനിരന്നപ്പോൾ നിലമ്പൂർ പട്ടണം ജ്വലിച്ചു.ഞായറിൻ്റെ സായാഹ്നം നിലമ്പൂർ നിവാസികളുടെ കരഘോഷമായി ഉയർന്നു.വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ കൂട്ടുകെട്ട് ഉണ്ടാക്കി ആർ.എസ്.എസിൻ്റെ വളർച്ചയ്ക്ക് സഹായം ചെയ്യുന്നുവെന്ന് ആയിരങ്ങളെ സാക്ഷിനിർത്തി പി.വി.അൻവർ എം.എൽ.എ പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ നോക്കിയാലും കാലുവെട്ടിയാലും വീൽചെയറിൽ ഇരുന്ന് കൊണ്ട് രാഷ്ട്രീയത്തിലെ ഈ നെക്സസിനെക്കുറിച്ച് താൻ സംസാരിക്കുമെന്ന് പി.വി.അൻവർ നിലമ്പൂരിലെ വേദിയിൽ പറഞ്ഞു. ഒരു അൻവർ ഇല്ലെങ്കിൽ മറ്റൊരു അൻവർ ഉണ്ടാകും. കാലം അതാണ് തെളിയിച്ചിരിക്കുന്നത്. ജനങ്ങൾ തന്നോടൊപ്പം ഉണ്ടെങ്കിൽ, മനുഷ്യർ ഒന്നിച്ചാൽ ഈ നെക്സസ് തകർക്കാൻ സാധിക്കും.താൻ ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലെന്നും ജനങ്ങൾ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയായാൽ താൻ മുന്നിൽ നിൽക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. വിപ്ലവ സൂര്യനെന്ന് വിളിച്ച് അത്യധികം ആവേശത്തോടെയാണ് ജനങ്ങൾ രണ്ടു മണിക്കൂറോളം നീണ്ട അൻവറിൻ്റെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയത്.മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും പേടിച്ച് മാളത്തിലിരിക്കാൻ വേറെ ആളെ നോക്കണമെന്നും ജനങ്ങളെ സാക്ഷിയാക്കി അൻവർ പറഞ്ഞു. എ.ഡി.ജി.പിയുടെ അനധികൃത സ്വത്തുക്കളെക്കുറിച്ചും ആർ.എസ്.എസ് ബാന്ധവത്തെക്കുറിച്ചും തെളിവുകൾ സമർപ്പിച്ചിട്ടും സർക്കാർ എ.ഡി.ജി.പിയെ സംരക്ഷിച്ചു വെന്ന് അൻവർ കുറ്റപ്പെടുത്തി.
Comments
0 comment