
മൂവാറ്റുപുഴ: പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാറാടി മാളിയേക്കാത്തടത്തില്‍ വീട്ടിൽ ബെന്നിയുടെ മകന്‍ അഭില്‍ (16)ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ടാണ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ വാളകം പാണാട്ടുതോട്ടം കടവില്‍ സുഹൃത്തുക്കളോടൊപ്പം ഇറങ്ങിയ അഭില്‍ ഒഴുക്കില്‍പെടുകയായിരുന്നു. കടവിന് സമീപത്തെ ടറഫില്‍ കൂട്ടുകരോടൊപ്പം കളിക്കാനെത്തിയ അഭില്‍ കളി കഴിഞ്ഞ് മുഖം കഴുകുന്നതിനായി വെള്ളത്തിലിറങ്ങുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. അഭില്‍ ഒഴുക്കില്‍പ്പെട്ട വിവരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് പ്രദേശവാസികളെ അറിയിച്ചത് തുടര്‍ന്ന് പ്രദേശവാസികള്‍ അഭിനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിലാണ് അഭിലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം പിന്നീട്. മാതാവ്: ഷൈനി, സഹോദരന്‍: അതുല്‍.
Comments
0 comment