വാത്തിക്കുടി വില്ലേജിൽ നടന്നുകൊണ്ടിരിക്കുന്ന റിസർവ്വേ നടപടികൾ ജനവിരുദ്ധവും കുടിയേറ്റ കർഷകരുടെ താല്പര്യങ്ങൾക്ക് എതിരുമാണ്.
സർവ്വേ നടപടികളിൽ കർഷകരുടെ കൈവശ ഭൂമിയുടെ ഉടമസ്ഥത സർക്കാരിന്റെ പേരിൽ നിക്ഷിപ്തമാക്കുന്ന നടപടി തികഞ്ഞ വഞ്ചനയാണ്.
റീസർവ്വേ നടപടികളിൽ പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയുടെ ഉടമസ്ഥന്റെ പേര് കൈവശാനുഭവക്കാരന്റെതായി രേഖപ്പെടുത്തുന്നതാണെന്നും, കർഷകർക്കെതിരായി യാതൊരു നടപടിയും ഉണ്ടാകില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നതാണ്.
എന്നാൽ അതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. പഞ്ചായത്തിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നതിന് മുന്നോടിയായി റവന്യൂ-സർവേ വിഭാഗം വിളിച്ചുചേർത്ത യോഗത്തിൽ പട്ടയം ഇല്ലാത്ത സ്ഥലത്തിന്റെ അളവും ഉടമയുടെ പേരും കൈവശ രജിസ്റ്ററിൽ രേഖപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഡിജിറ്റൽ സർവേ ആരംഭിച്ചപ്പോൾ പട്ടയം ഇല്ലാത്ത കൈവശ ഭൂമി അളക്കുകയോ,ആരുടെ കൈവശത്തിൽ ആണെന്ന് രേഖപ്പെടുത്തുകയോ ചെയ്യാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നു.
60 മുതൽ 70 വരെ വർഷങ്ങളായി കർഷകരുടെ കൈവശത്തിൽ ഇരിക്കുകയും ബഹുവിള കൃഷി നടത്തുകയും, വീടുവച്ച് താമസിക്കുകയും ചെയ്യുന്ന ഭൂമി ഒറ്റ ബ്ലോക്ക് ആയി സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തുന്നത് കർഷകർക്ക് പട്ടയം നിഷേധിക്കുന്നതിനും, അവരുടെ കൈവശ ഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഉടമസ്ഥത രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഒരൊറ്റ മന്ത്രിസഭാ തീരുമാനത്തിലൂടെ കർഷക ആശങ്കകൾ പരിഹരിക്കാം എന്നിരിക്കെ റവന്യൂ വകുപ്പും സർക്കാരും ഒളിച്ചുകളി നടത്തുകയാണ്.
ഇപ്പോൾ നടത്തുന്ന സർവ്വേ നടപടികൾ നിർത്തിവെച്ച് വ്യക്തമായ സർക്കുലർ പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എന്നാൽ ജൂലൈ നാലിന് സർവ്വേ -ഭൂരേഖ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലും സർക്കാർ ഭൂമിയായി രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളിൽ കർഷക വിരുദ്ധ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഈ സർക്കുലർ.
മന്ത്രിയുടെ ഉറപ്പുകൾ ജലരേഖ ആകുന്ന കാഴ്ചയാണ് കാണുന്നത് ഡിജിറ്റൽ സർവേ അപാകത സംബന്ധിച്ച് പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണുള്ളത്...
Comments
0 comment