
നഗരസഭ പാർക്കിനുള്ളിൽ നിന്ന വലിയൊരു വാകമരമാണ് ചുവടോടെ റോഡിലേക്ക് മറിഞ്ഞത്
മരം മറിഞ്ഞ് വീണ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
നഗരസഭ ഓഫീസിന് എതിർവശം, പഴയ പാലത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കംഫർട്ട് സ്റ്റേഷന് സമീപത്തുണ്ടായിരുന്ന വലിയ വാക മരമാണ് മറിഞ്ഞത്.
കാലവർഷം ആരംഭിച്ചതിന് ശേഷം തൊടുപുഴ നഗരത്തിൽ ആദ്യമായുണ്ടാകുന്ന അപകടമാണിന്ന് നടന്നത്.
അധികം കാറ്റും, മഴയും ഇല്ലാതിതിരുന്ന സമയമായിരുന്നിട്ടും മരം മറിഞ്ഞ് വീണത് അപകടത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
മറിഞ്ഞ മരത്തിന് സമീപം നിന്നിരുന്ന കണിക്കൊന്നയിൽ വാകയുടെ വലിയ ശിഖരങ്ങൾ തങ്ങി നിന്നതിനാൽ മരം പൂർണമായും റോഡിൽ പതിച്ചില്ല.
മരം റോഡിൽ പതിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം മുക്കാൽ മണികൂർ നേരത്തേക്ക് തടസ്സപ്പെട്ടു.
തൊടുപുഴ ഫയർഫോഴ്സും, റവന്യൂ അധികാരികളും, പോലീസ് ഉദ്യോഗസ്ഥരും, നഗരസഭ കൗൺസിലർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മണ്ണിൽ വേര് ആഴത്തിൽ പടർന്നിറങ്ങാത്ത വാകമരങ്ങൾ പെട്ടന്ന് മറിഞ്ഞ് വീഴുന്ന തരത്തിലുള്ളവയാണ്.
സൗന്ദര്യവത്ക്കരണത്തിന്റെ പേരിൽ നഗരസഭ പാർക്കിൽ മാത്രമല്ല നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വാകമരങ്ങൾ ധാരാളം വച്ച് പിടിപ്പിച്ചിട്ടുണ്ട്. യാതൊരു ഉപകാരവുമില്ലാത്ത മരങ്ങൾ മുറിച്ച് മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്.
ഇതിനൊപ്പം പുതിയ ഫയർഫോഴ്സ് ഓഫീസ് നിർമ്മാണത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തും ഇത്തരത്തിൽ യാതൊരു വിധ ഉപകാരമില്ലാത്ത ധാരാളം മരങ്ങൾ പടർന്ന് പന്തലിച്ചിട്ടുണ്ട്.
പെട്ടന്ന് മറിഞ്ഞ് വീണ് അപകടസാധ്യത സൃഷ്ടിക്കുന്ന ഇത്തരം മരങ്ങൾ എത്രയും വേഗം മുറിച്ച് മാറ്റി പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കുവാൻ കൂടി ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
Comments
0 comment