
മദീന വിമാനത്താവളത്തിൽ നിന്നായിരുന്നു ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്ര. ഓരോ ഹാജിമാർക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം വിമാനത്താവളത്തിൽ വച്ച് വിതരണം ചെയ്തു. മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി 29 വളണ്ടിയർമാർ ടെർമിനലിനകത്തും 10 പേർ പുറത്തും സേവനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ സർക്കാർ ഉദ്യോഗസ്ഥരായ 11 ഹജ്ജ് സെൽ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുണ്ട്. രാജ്യാന്തര ടെർമിനലിന് അകത്ത് നിന്നും പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് ലഗേജുകൾ സഹിതം ഹാജിമാരെ എത്തിച്ചത് വളണ്ടിയർമാരായിരുന്നു. ഹജ്ജ് കർമ്മം ആദ്യാവസാനം വരെ തൃപ്തിയോടെ നിർവഹിക്കാൻ കഴിഞ്ഞതായി മടങ്ങിയെത്തിയർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കാര്യമായ യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നില്ലെന്നും ഹജ്ജ് ക്യാംപിൽ എത്തിയത് മുതൽ മടങ്ങിവരുന്നത് വരെ വളണ്ടിയർമാരും മറ്റുമായി ഓരോ ഘട്ടത്തിലും നിരവധി പേരാണ് സഹായത്തിനായി എത്തിയതെന്നും ഹാജിമാർ പറഞ്ഞു. അവർക്കെല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെയെന്ന പ്രാർഥനയോടെയാണ് ഇവർ വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്. ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ ആദ്യ സംഘം ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, സഫർ എ. കയാൽ, മുഹമ്മദ് റാഫി, പി.ടി അക്ബർ, എക്സി. ഓഫീസർ പി.എം ഹമീദ്, സിയാൽ പ്രതിനിധി ജോൺ എബ്രഹാം, കോർഡിനേറ്റർ ടി.കെ സലിം, മുൻ ഹജ്ജ് കമ്മിറ്റി അംഗം മുസമ്മിൽ ഹാജി, എൻ.എം അമീർ എന്നിവരുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Comments
0 comment