താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും നിർമ്മിക്കുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്ന, പുതിയ ബൈപാസ്സിനായുള്ള നിർദ്ദേശം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ,മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ, നഗരസഭാ ചെയർമാൻ പി.പി. എൽദോസ് എന്നിവർക്ക് ഏകദേശ രൂപരേഖ സഹിതംസമർപ്പിച്ചു. ഒരു ദേശീയപാതയും, MC റോഡ് ഉൾപ്പെടെയുള്ള നാല് സംസ്ഥാനപാതകളും, സംഗമിക്കുന്ന നഗരമെന്ന നിലയിൽ മൂവാറ്റുപുഴയിൽ ഇപ്പോൾ അനുഭവപ്പെട്ടുവരുന്ന ഗുരുതരമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന് അത്യന്താപേക്ഷിതമായ പദ്ധതികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.സംസ്ഥാനപാത - SH-8 ലൂടെ തൊടുപുഴ ഭാഗത്ത്നിന്നും വരുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര തുടരുവാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിലുള്ള, ഏകദേശം 1.4 കിലോമീറ്റർ ദൂരം പ്രതീക്ഷിക്കുന്ന പുതിയ ‘തെക്കൻകോട് ബൈപാസ്സ് ‘ നിർദ്ദേശമാണ് സാമൂഹ്യ പ്രവർത്തകനായ പ്രമോദ്കുമാർ മംഗലത്ത് മുന്നോട്ടുവച്ചിട്ടുള്ളത്. തൊടുപുഴ റോഡിൽനിന്നും മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് വരുമ്പോൾ, നിർമ്മല കോളേജ് കഴിഞ്ഞുള്ളഭാഗത്ത്, നഗരസഭാപരിധിയിലുള്ള ലബ്ബക്കടവ് റോഡിലൂടെ പുഴത്തീരത്തെത്തി, പുതിയ പാലം നിർമ്മിച്ച്, തെക്കൻകോട് ഭാഗത്തുള്ള എസ്തോസ് റോഡിനും പള്ളിക്കാവ് റോഡിനും ഇടയിലൂടെ ആരക്കുഴ റോഡ് (SH - 41) മുറിച്ചുകടന്ന്, മാടവനക്ഷേത്ര റോഡ് ആരംഭിക്കുന്നഭാഗത്ത് MC റോഡിൽ പ്രവേശിക്കും വിധത്തിലാണ് ഈ ബൈപാസ്സ്റോഡ് ഉണ്ടാകേണ്ടതെന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.10 / 15 മീറ്റർ വീതിയുള്ള രണ്ടുവരി പാത മതിയാകുമെന്നതും, തൊടുപുഴയാറിലെ താരതമ്യേന വീതികുറഞ്ഞ ഭാഗമായതിനാൽ പരമാവധി 2 സ്പാനിൽ പാലം തീർക്കുവാൻ സാധിച്ചേക്കുമെന്നതും, വീടുകൾ ഒഴിവാക്കിയുള്ള സ്ഥലം ഏറ്റെടുപ്പ് സാദ്ധ്യമായേക്കുമെന്നതും അനുകൂല ഘടകങ്ങളാകുമെന്നും വിലയിരുത്തപ്പെടുന്നു.ഈ ബൈപാസ്സിലൂടെ വരുന്ന യാത്രികർക്ക് നഗരത്തിൽ പ്രവേശിക്കാതെ തന്നെ ആരക്കുഴ റോഡ് ( SH - 41), MC റോഡ് ( SH -1), പിറവം റോഡ് എന്നിവയിലൂടെയും, നിർദ്ദിഷ്ട ( 130 ജംഗ്ഷൻ - കടാതി ), ( കാരക്കുന്നം - കടാതി NH-85 ) എന്നീ ബൈപാസ്സുകളിൽ പ്രവേശിച്ച് എറണാകുളം, തൃശൂർ, മൂന്നാർ, ഭാഗങ്ങളിലേയ്ക്കും, തിരിച്ചും യാത്ര തുടരാനാകുമെന്നുള്ളത് പ്രധാന വസ്തുതയായി ചൂണ്ടിക്കാണിക്കുന്നു
മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനായി
Comments
0 comment